Sunday, November 24, 2013

എനിക്ക് ഇഷ്ടപ്പെട്ട സീറ്റ്

                   സമയം - 9:15 AM .
                   KSRTC  ലോ ഫ്ലോർ ബസ്‌ . ഓഫീസിലേക്കുള്ള യാത്ര .
                   അനദർ യൂശ്വൽ ഡേ .

                   ബസ്സിൻറെ   മുൻഭാഗത്തെ  തിരക്കിലേക്ക് കയറിനിന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ സ്റ്റോപ്പുകളിൽ  ഇറങ്ങുന്നവരുടെയും  കയറുന്നവരുടെയും  ഉന്തിലും  തള്ളിലും  പെട്ട് ഞാൻ പിൻഭാഗത്തേക്ക്  എത്തിക്കപ്പെട്ടു . ബസ്സിൻറെ താളത്തിൽ  ആടിയുലഞ്ഞു  അങ്ങനെ  അധികം നേരം  നില്ക്കേണ്ടി വന്നില്ല .തൊട്ടടുത്ത  സീറ്റിലെ  യാത്രക്കാരി  എഴുന്നേറ്റപ്പോൾ  ഞാൻ അവിടെ  ഇരിപ്പായി . പതിവുപോലെ   ജീവിതത്തിൻറെ  നൂലാമാലകൾ  കെട്ടഴിക്കാനുള്ള   ചിന്തകളിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോഴാണ് ആ സംഭാഷണ ശകലം  കേൾക്കാനിടയായത് .

                   മധ്യവയസ്സും ഒരല്പ്പവും കടന്ന , ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന , എൻറെ  അടുത്ത്  ജനാലയ്ക്കരികിൽ ഇരിക്കുന്ന സ്ത്രീ .ഫോണിൻറെ  അങ്ങേത്തലയ്ക്കൽ ഭർത്താവോ മക്കൾ ആരെങ്കിലുമോ ആയിരിക്കണം .              " ഉവ്വ് . കിട്ടി . എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീറ്റ് തന്നെ ! " 

                   തിരക്കിനിടയിൽ  കിട്ടിയ സീറ്റ് , ജനാലയിലൂടെയുള്ള  കാറ്റ് , കാഴ്ചകൾ , ജീവിതത്തിലെ ചെറിയ സുഘങ്ങൾ - സംതൃപ്തിയുടെ ഒരു കുമിളയ്ക്കുള്ളിൽ ആ അമ്മയുടെ കണ്ണുകൾ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു .ചിരാതിൻറെ  പ്രകാശം പോലെ അത് എൻറെ  മുഖത്തെയും പ്രസാദിപ്പിച്ചു . ആ കുമിള വളർന്നു എന്നെയും ആഗീരണം ചെയ്ത പോലെ . ഞാൻ ചുറ്റിലും കണ്ണോടിച്ചു . കാഴ്ച്ചകൾക്ക്  ഒന്നുകൂടി ഭംഗി വെച്ചിരിക്കുന്നു !

                   പിറകിൽ   ഒരു സീറ്റ് ഒഴിഞ്ഞപ്പോൾ  അവിടെ നിന്നിരുന്ന സ്ത്രീ ധൃതി പിടിച്ചു അവിടെ ഇരുന്നു . എന്നിട്ട് എന്റെ അടുത്ത് നിന്നിരുന്ന ഒരു സ്കൂൾ കുട്ടിയോളം പ്രായമുള്ള അവരുടെ മകളെ വിളിച്ചു ,നിർബന്ധിച്ചു അവിടെ ഇരുത്തിയിട്ട് സ്വയം എൻറെ  അടുത്ത് വന്നു നിലയുറപ്പിച്ചു . എനിക്ക് ഇറങ്ങാൻ ഇനിയും 4-5 സ്റ്റോപ്പുകൾ കൂടി ബാക്കിയുണ്ട് .സാരമില്ല .  "ഇവിടെ ഇരിക്കാം " , ഞാൻ എഴുന്നേറ്റു . ആശ്വാസത്തോടെ അവർ ഇരുന്നു .  തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു , പ്രകാശത്തിൻറെ  തിര അവരെയും സ്പർശിച്ചിരിക്കുന്നു . ജീവിതത്തിലെ ചെറിയ സുഘങ്ങൾ !

                   പടരട്ടെ ...  പ്രകാശം പടരട്ടെ !

Saturday, November 23, 2013

ഇന്നത്തെ മഴയ്ക്ക്‌ ഒരു പ്രേമലേഖനം



കരച്ചിലിനിടയിലാണ്  മഴ തുടങ്ങിയത് . അതുകൊണ്ട് ആദ്യം  ശ്രദ്ധിച്ചില്ല .

 തുള്ളികൾ അങ്ങിങ്ങ് പൊഴിയുമ്പോൾ മിഴികൾ  പ്രവഹിക്കുകയായിരുന്നു . അപ്പോൾ മഴ ഒച്ചകൂട്ടി പെയ്യാൻ തുടങ്ങി .ഉറക്കെയുള്ള മഴയുടെ പറച്ചിൽ കേട്ട് എൻറെ  ശ്രദ്ധ അതിലേക്കു മാറി .  എന്നാൽ പിന്നെ നേരിട്ടാവാം വർത്തമാനം എന്നു കരുതി ബാൽക്കണിയിൽ ചെന്നപ്പോൾ ആകാശം ചിരപരിചിതനെപ്പോലെ പൊട്ടിച്ചിരിച്ചു .  പിന്നെ മിന്നലിന്റെ  പുഞ്ചിരിയോടെ കുറെ നേരം വാതോരാതെ കലപില കൂട്ടി .  കൈകളിലൂടെ നനഞ്ഞൊലിച്ചു .  സങ്കടം തീരെ മറന്നു കഴിഞ്ഞപ്പോൾ  എന്നാൽ ഇനി ഞാൻ പോകട്ടെ എന്ന മട്ടിൽ മഴയും നിലച്ചു .   യാത്ര പറഞ്ഞു അകലുകയാണോ എന്ന് പരിഭവിക്കാൻ തുടങ്ങിയപ്പോൾ ഒരു നനുത്ത കാറ്റായി വീശി അനുനയിപ്പിച്ചു .   അങ്ങനെ ആട്ടെ എന്ന് ഞാനും യാത്രാമംഗളം നേർന്നു ...

PS : മഴ ഇതൊക്കെ അറിയുന്നുണ്ടോ ആവോ !