ഹൃദയത്തോടു ചേർത്തുപിടിക്കാവുന്ന ഒരു പിടി ചിത്രങ്ങളും ക്യാമറയിലാക്കിയാണ് ഞങ്ങൾ കുന്തിബെട്ട മലയിറങ്ങിയത്.ആകാശത്തിന്റെ കറുത്ത ക്യാൻവാസിൽ ആ മഹാചിത്രകാരൻ വര തുടങ്ങുന്ന നേരവും കാത്ത് ഞങ്ങൾ അതികാലത്തേ കുന്തിബെട്ട മലമുകളിൽ കാത്തിരിപ്പുണ്ടായിരുന്നു. തലേന്ന് അർധരാത്രി തുടങ്ങിയ യാത്ര പക്ഷെ മനസ്സിൽ കയറിയിരുന്ന് മോഹിപ്പിക്കാൻ തുടങ്ങിയിട്ട് ആഴ്ച്ചകൾ പലതു കഴിഞ്ഞിരുന്നു.സ്വതവേ സാഹസികരൊന്നുമല്ലാത്ത ഞങ്ങളെ മലമേട്ടിലെ സൂര്യോദയം കൊതിപ്പിച്ചുകൊണ്ടേയിരുന്നു.അങ്ങനെ ഒരു ധന്യമുഹൂർത്തത്തിന്റെ ഓർമപുതുക്കൽ ഈ യാത്രയിലൂടെ ആകട്ടെ എന്നു നിശ്ചയിക്കപ്പെട്ടു.
ബെംഗളൂരുവിൽ നിന്നും 130 കി.മി അകലെയുള്ള ഗ്രാമപ്രദേശമായ പാണ്ഡവപുരത്തിലാണ് കുന്തിബെട്ട സ്‌ഥിതിചെയ്യുന്നത്.മഹാഭാരത കഥയുമായി ബന്ധപ്പെട്ടു ഒരു ഇതിഹാസവും ഈ സ്‌ഥലത്തെക്കുറിച്ചു പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ് -
അഞ്ജാതവാസക്കാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നു എന്നുള്ളതുകൊണ്ടാണ് ഇവിടം പാണ്ഡവപുരം ആയിത്തീർന്നത്.കുന്തീദേവിയുടെ മനം കവർന്ന മലനിരകളോ, കുന്തിപ്പാറ അല്ലെങ്കിൽ കുന്തിമല എന്നു മലയാളത്തിൽ അർത്ഥം വരുന്ന കുന്തിബെട്ടയുമായി(Kunti Hill).ബകാസുരനെ ഭീമൻ വധിച്ചത് ഇവിടെ വച്ചാണെന്നും ഒരു ശ്രുതി കേൾവിയിലുണ്ട്!
യാത്രയുടെ പ്രത്യേകത ഇതൊരു രാത്രികാല trekking ആണ് എന്നുള്ളതാണു.രാത്രി , മഴക്കാലം - ഇങ്ങനെ രണ്ടാണു പ്രതിയോഗികൾ.കൈയിൽ ഓരോ torch light-ഉം മിന്നിച്ച്, മഴക്കോട്ടും ധരിച്ചാണു മലകയറ്റം.രാത്രി പത്തരയോടെ ഞങ്ങളെ pick ചെയ്ത ബസ്സ്, വഴിയിൽ മറ്റുള്ളവരെയും ചേർത്തു ബെംഗളൂരുവിൽ നിന്നും അർധരാത്രിയോടെ രാമനഗരം എന്ന സ്ഥലത്തുള്ള pit stop-ൽ എത്തിച്ചേർന്നു.അവിടെ ചായയും പലഹാരവും തന്ന് സംഘാടകർ ഞങ്ങളെ സ്വീകരിച്ചു.സാഹസിക യാത്രകൾ സ്ഥിരമായി നടത്തുന്ന ഒരു ചെറിയ സംഘമാണു യാത്രയുടെ വഴികാട്ടികൾ.അവർ പറഞ്ഞതനുസരിച്ച് ഇനിയും 70 കി.മി അകലെയാണ് ലക്ഷ്യസ്ഥാനം.യാത്ര പുനരാരംഭിച്ചു.പരിചയപ്പെടലും , ഉച്ചത്തിലുള്ള സംഗീതവും നൃത്തവും ഒക്കെയായി ബസ്സിനുള്ളിൽ ഞങ്ങൾ അപരിചിതർ ഉറക്കത്തെ അകറ്റിനിർത്തി.
പിറ്റേന്നു വെളുപ്പിനെ മൂന്നു മണിയോടെ ബസ്സ് കുന്തിബെട്ട base camp-ൽ എത്തിച്ചേർന്നു.രണ്ടു മിനിട്ടു നേരം സംഘാടകർ ചില നിർദ്ദേശങ്ങൾ തന്നു.ശേഷം സംഘം trekking ആരംഭിച്ചു.ഒരു ജാഥ പോലെ, ഇരുട്ടിൽ torch-കൾ തെളിയിച്ച് , “ജയ് മാതാ ദി ” വിളികളും മുഴക്കിക്കൊണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി.
ആദ്യമേ തന്നെ കുത്തനെയുള്ള ഒരു കയറ്റമാണ്!തുടങ്ങുന്നതിനു മുൻപേ തന്നെ അവസാനിപ്പിക്കേണ്ടി വരുമോ ഈ സാഹസം എന്നു ശങ്കിച്ചു പോയ നിമിഷം.രണ്ടും കൽപ്പിച്ചു കയറ്റം തുടങ്ങി- രണ്ടു കൈയ്യും നിലത്തു കുത്തി കുരങ്ങന്മാരെപ്പോലെയായിരുന്നു ആ കയറ്റം മറികടന്നത്.അവിടുന്ന് അങ്ങോട്ട് ഉരുളൻ പാറകളെ ചവിട്ടുപടിയാക്കിയും , മുൻപേ പോയവരുടെ കൈത്താങ്ങിൽ പിടിച്ചു തൂങ്ങിയും ,പുറകേ വരുന്നവർക്ക് വെളിച്ചം കാട്ടിയും,ഇടുങ്ങിയ പാറമതിലുകൾക്കിടയിലൂടെ ഊർന്നുകയറിയും,നക്ഷത്രങ്ങളെയും താഴ്‌വാരത്തിലെ മിന്നാമിന്നി വെളിച്ചങ്ങളെയും കുറിച്ചു കൗതുകം കൂറിയും , കിതച്ചും പകച്ചും , അല്പവിശ്രമങ്ങൾക്കുശേഷം വീണ്ടും ക്ലേശിച്ചും ... അങ്ങനെ മലമ്പാറകളുടെ പരീക്ഷണങ്ങളെ അണ്ണാറക്കണ്ണനും തന്നാലായത് എന്നോണം ഞങ്ങൾ നേരിട്ടു.ഒന്നര മണിക്കൂറത്തെ കയറ്റത്തിനൊടുവിൽ ഞങ്ങൾ മലയുടെ നെറുകയിൽ എത്തിച്ചേർന്നു.അപ്പോഴേക്കും വിയർപ്പിൽ കുതിർന്ന് ,ആകെ തളർന്ന് ഞങ്ങൾ ദാഹിച്ചു വശായിരുന്നു. ദാഹശമനം നടത്തി കുളിർകാറ്റേറ്റു നിന്നപ്പോൾ മലയുടെ തലയെടുപ്പിൽ തൊട്ടതിന്റെ നിർവൃതി !
താമസിയാതെ camp fire-കൾ ജ്വലിച്ചു തുടങ്ങി.അങ്ങിങ്ങായി കത്തിച്ച മൂന്നോ നാലോ തീക്കുണ്ടങ്ങൾക്കു ചുറ്റുമായി ചെറുസംഘങ്ങൾ പാടുകയും പറയുകയും ചിരിച്ചു വിശ്രമിക്കുകയും ചെയ്തു.അവരിൽ നിന്നും തെല്ലൊന്നു മാറി ഞങ്ങൾ മലയുടെ മുതുകിൽ മലർന്നു കിടന്ന് നക്ഷത്രങ്ങൾ എണ്ണി.മലങ്കാറ്റിന്റെ തണുത്ത പുതപ്പിനുള്ളിൽ ഞങ്ങൾ നേരിയ വിറയാർന്നു കിടന്നു.
താമസിയാതെ camp fire-കൾ ജ്വലിച്ചു തുടങ്ങി
അധികം
കഴിയുന്നതിനു മുൻപേ കിഴക്ക് കറുപ്പ് അലിഞ്ഞുതുടങ്ങി.വെറുതേയുള്ള
തോന്നലാണെന്നു കരുതി ഞങ്ങൾ വീണ്ടും കാത്തു.സമയം ഇഴഞ്ഞു നീങ്ങവേ വെളുപ്പ്
കൂടിക്കൂടി വന്നു.തീകായൽ ഉപേക്ഷിച്ച് പലരും കിഴക്കുനോക്കി
നിൽപ്പായി.അപ്പോഴേക്കും എന്റെ ക്യാമറയും പുറത്തു വന്നിരുന്നു.
കാത്തിരുപ്പ് ...
പിന്നീടത്തെ
അരമുക്കാൽ മണിക്കൂർ നേരം സൂര്യോദയം എന്ന master piece-ന്റെ ചിത്രരചനയാണ്
ഞങ്ങളുടെ കൺമുന്നിൽ അരങ്ങേറിയത്.മാനത്തിന്റെ കറുപ്പ് കലങ്ങി നീലയുടെ പല
വകഭേദങ്ങളായി പിരിയവെ കണ്ണെത്താദൂരത്തോളം താഴ്‌വാരത്തിന്റെ പച്ചക്കമ്പടം
കാണാറായി.മേഘക്കീറുകളുടെ അരുണിമയിൽ ചക്രവാളം കനലെരിഞ്ഞു.അരുണോദയത്തിൽ
മൂടൽമഞ്ഞ് മലമേടിന് ഒരു സ്വർഗ്ഗീയ പരിവേഷം ചാർത്തിക്കൊടുത്തു.
സൂര്യോദയം എന്ന master piece !
മേഘക്കീറുകളുടെ അരുണിമയിൽ ചക്രവാളം കനലെരിഞ്ഞു
പുതച്ചുറങ്ങിയവർ
എഴുന്നേറ്റിരുന്ന് ഈ മാന്ത്രിക സൗന്ദര്യത്തിൽ ലയിച്ചിരുന്നു.ഈ
വർണ്ണവിസ്മയത്തിന്റെ കൗതുകത്തിൽ ക്യാമറകൾ ചിലച്ചുകൊണ്ടേയിരുന്നുവെങ്കിലും
,ശാന്തമായ നിശബ്ദത ഭഞ്ജിക്കപ്പെട്ടതേയില്ല.താഴ്‌വാരത്തിലെ വലിയ തടാകം ഒരു
വെള്ളിത്തളിക പോലെ കാണപ്പെട്ടു.സൂര്യോദയത്തിന്റെ സ്വർണ്ണവെളിച്ചത്തിൽ
കാഴ്ച്ചകൾ എല്ലാം തന്നെ ഒന്നുകൂടി മിഴിവുറ്റതായി.ആറര മണിയോടെ സൂര്യൻ
പൂർണമായും ഉദിച്ചുകഴിഞ്ഞിരുന്നു.
To sleep under the open sky is to cuddle up to the stars ...
അരുണോദയത്തിൽ മൂടൽമഞ്ഞ് മലമേടിന് ഒരു സ്വർഗ്ഗീയ പരിവേഷം ചാർത്തിക്കൊടുത്തു
ഇനിയുള്ളത്
മലയിറക്കമാണ്.പകൽവെളിച്ചത്തിലാണെങ്കിലും മലയിൽ സുഗമമായ മൺപാതകൾ
ഇല്ലതന്നെ.കയറ്റത്തെക്കാളും താരതമ്യേന ആയാസം കുറവാണ് ഇറക്കത്തിന് എന്നു
വേണമെങ്കിൽ പറയാം.പക്ഷെ പാറക്കെട്ടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് ,
ചാടിക്കടന്നും ഊർന്നിറങ്ങിയും , ചിലയിടങ്ങളിൽ ഇരുന്ന് നിരങ്ങിയും , മലയുടെ
ദാർഷ്ട്യത്തെ ഒരുവിധം ഞങ്ങൾ മറികടന്നു.മലയിറക്കത്തിൽ ഇടയ്ക്കു
തിരിഞ്ഞുനോക്കിയപ്പോൾ താണ്ടിയ ഇറക്കത്തിലെങ്ങും പാതകൾ തെളിഞ്ഞു കാണാനായില്ല
.എങ്ങനെ ഇറങ്ങി എന്നതായി അദ്ഭുതം!
മലയിൽ സുഗമമായ മൺപാതകൾ ഇല്ലതന്നെ
മല
സുന്ദരിയാണ്.പതുപതുത്ത പച്ചപ്പിന്റെയും മിനുസമുള്ള ഉരുളൻ പാറകളുടെയും ഒരു
ചാരുചിത്രം.സൂര്യോദയത്തിൽ അതിന്റെ സൗന്ദര്യം ഒന്നു വേറെ
തന്നെ.മലയിറക്കത്തിനു ശേഷം അടുത്തുള്ള തടാകത്തിൽ ചില ജലക്രീഡകളും
തരപ്പെട്ടു.ഫാക്ടറി വിസർജ്ജ്യങ്ങൾ മലിനപ്പെടുത്തിയിട്ടില്ലാത്ത
ഗ്രാമാന്തർഭാഗത്തെ പരിശുദ്ധമായ ഒരു ജലാശയം.അതിന്റെ കുളിർവെള്ളത്തിൽ
ശരീരത്തിന്റെ ക്ഷീണം തെല്ലൊന്ന് അലിഞ്ഞുപോയി.ശേഷം പ്രാതലും മടക്കയാത്രയും.
.ഭാഗ്യവശാൽ യാത്രയിൽ ഉടനീളം മഴ മാറി നിന്നു!
മല സുന്ദരിയാണ് ...
തിരിച്ചുവരവിൽ കൂടുതൽ നേരവും ബസ്സിൽ ഉറക്കം തന്നെയായിരുന്നു.തലേന്നു നഷ്ടപ്പെട്ട ഉറക്കത്തെ ശരീരം തിരിച്ചു പിടിക്കുകയാണ്‌് എന്നു തോന്നും.കൂടണഞ്ഞതിനു ശേഷവും ഉറക്കം കുറേ നേരം കൂടി നീണ്ടുനിന്നു.നീണ്ട ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ പക്ഷെ കണ്ടതെല്ലാം ഒരു സുന്ദര സ്വപ്നമായിരുന്നോ എന്നൊരു സംശയം മാത്രം ബാക്കി...
താഴ്‌വാരത്തിന്റെ പച്ചക്കമ്പടം
Reference
http://www.escape2explore.com/http://www.thrillophilia.com/tours/night-trek-at-kunti-betta-bangalore
No comments:
Post a Comment